ചരിത്രപഥങ്ങളിലൂടെ.......
സപ്തഭാഷാ സംഗമഭൂമിയായ കാസറഗോഡ് ജില്ലയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആറര-പതിറ്റാണ്ട് പൂ൪ത്തിയാക്കിയ ഒരു സരസ്വതിക്ഷേത്രമാണ് രാമനഗരം സ്വാമിരാംദാസ് മെമ്മോറിയല്‍ ഗവഃ ഹൈസ്ക്കൂള്‍.ആനന്ദാശ്രമത്തിന്റെ സ്ഥാപകനും പ്രഥമ മഠാധിപതിയുമായ പൂജ്യപപ്പ സ്വാമി രാംദാസിന്റെ സേവനോന്മുഖമായ ക൪മ്മ മണ്ഡലത്തിലെ രജത രേഖയത്രെ ഈ വിദ്യാലയം. മൈസൂ൪ സംസ്ഥാനത്തില്‍ സൗത്ത് കനറാജില്ലയില്‍ രാമനഗരംഎന്നസ്ഥലത്ത്(കാഞ്ഞങ്ങാട്നഗരത്തില്‍ നിന്നും 3കി.മീ.കിഴക്കുമാറി ദേശീയപാതയില്‍ 'മാവുങ്കാല്‍' എന്ന സ്ഥലത്തുനിന്നും ഏകദേശം അര കി.മീ.ദൂരത്തില്‍ ആനന്ദാശ്രമത്തിന് എതി൪വശത്തായി ഇന്നത്തെ അജാനൂ൪ ഗ്രാമപഞ്ചായത്തിലെ പത്താം വാ൪ഡില്‍)1924 നു മുമ്പ് തന്നെ ഹോസ്ദു൪ഗ്ഗ് താലൂക്കില്‍ എലിമെന്ററി സ്ക്കൂളായി പ്രവ൪ത്തിച്ചിരുന്ന വിദ്യാലയം 1940ല്‍ സ്വാമി രാംദാസ് ഏറ്റെടുത്തു.തന്റെ ജീവിത ലക്ഷ്യമായ അധഃസ്ഥിതരുടെയും ദരിദ്രരുടെയും ഉന്നമനമായിരുന്നു ഈ സംരഭത്തിനുള്ള പിന്നിലുള്ള ചേതോവികാരം.
1940 ല്‍
തന്നെ ആനന്ദാശ്രമത്തിലെ
ദ്വതീയമഠാധിപതിയും
സ്വാമിരാംദാസിന്റെ പ്രഥമ
ശിഷ്യയുമായ പൂജ്യമാതാജി
കൃഷ്ണാബായിയുടെ ജന്മദിനത്തില്‍
പുതിയ കെട്ടിടത്തിന്
തറക്കല്ലിടുകയും 1942ല്‍
സ്വാമിരാംദാസിന്റെ ജന്മദിനത്തില്‍
പുതിയ കെട്ടിടത്തിലേക്ക്
ക്ലാസ്സുകള്‍ മാറുകയും ഈ
വിദ്യാലയത്തിന് 'ശ്രീ
കൃഷ്ണ വിദ്യാലയം' എന്ന്
നാമകരണം ചെയ്യുകയും ചെയ്തു.
കെട്ടിടത്തിന്റെ
മു൯ഭാഗത്തെ ഭിത്തിയില്‍
വിദ്യാദേവതയായ വീണാപാണിനി
സരസ്വതിദേവിയുടെ മനോഹരമായ
പ്രതിമ സ്വാമിജിയുടെ നി൪ദ്ദേശാനുസരണം
സ്ഥാപിച്ചു. ഇത്
മതപരമായ ചിഹ്നമല്ലെന്നും
മറിച്ച് നമ്മുടെ സംസ്കാര
പാരമ്പര്യമനുസരിച്ച്
ജ്ഞാനത്തിന്റെ പ്രതീകമാണെന്നും
ഈ വേളയില്‍ സ്വാമിജി അടിവരയിട്ട്
പറയുകയുണ്ടായി. വിദ്യാലയത്തിന്റെ
പ്രധാന അകത്തളം വിദ്യാ൪ത്ഥികള്‍ക്കും
അദ്ധ്യാപക൪ക്കും വേണ്ടിയുള്ള
പ്രാ൪ത്ഥനാമുറിയായി
ഉപയോഗിച്ചിരിക്കുന്നു.
ഇവിടെ ശ്രീരാമകൃഷ്ണ
പരമഹംസ൯,സ്വാമി
വിവേകാനന്ദ൯, ശ്രീ
രമണ മഹ൪ഷി എന്നിവരുടെ ഛായാചിത്രം
സ്ഥാപിച്ചിരിക്കുന്നു.
സാധനാ രൂപത്തിലുള്ള
പ്രാ൪ത്ഥനക്കു പുറമെ 'വന്ദേ
മാതരം' പ്രാ൪ത്ഥനയായി
ആലപിച്ചിരുന്നു. വിദ്യാ൪ത്ഥികളില്‍
ദേശഭക്തിവള൪ത്തുന്നതിന്
ഉത്തമോപാധിയാണ് ഈ മാസ്മരിക
മന്ത്രമെന്ന് സ്വാമിജി ദൃഢമായി
വിശ്വസിച്ചിരുന്നു.
രാമനഗരത്തിലും
പ്രാന്തപ്രദേശങ്ങളിലുമുള്ള
അവശരും ആ൪ത്തരും ആലംബഹീനരുമായ
കുട്ടികളുടെ പുതുജീവിതത്തിന്
നാന്ദികുറിച്ച സംഭവമായിരുന്നു
ശ്രീകൃഷ്ണവിദ്യാലയത്തിന്റെ
പ്രവ൪ത്തനം. ഇവിടെ
പഠിക്കുന്ന വിദ്യാ൪ത്ഥികളെ
ഇവിടെ തന്നെ താമസിപ്പിച്ചുകൊണ്ട്
അവ൪ക്ക് ഭക്ഷണവും വസ്ത്രവും
മറ്റെല്ലാ ഭൗതിക സൗകര്യങ്ങളും
തികച്ചും സൗജന്യമായി ആനന്ദാശ്രമം
നല്‍കുകയും അവരുടെ പരിചരണത്തിനായി
സേവന സന്നദ്ധരായ രണ്ട് ആയമാരെ
നിയമിക്കുകയും ചെയ്തു.
ജാതിമതഭേദമെന്യേ
എല്ലാ വിദ്യാ൪ത്ഥികള്‍ക്കും
ഇവിടെ പ്രവേശനം നല്‍കിയിരുന്നു.
വൃത്തിയുടെയും
ബുദ്ധിയുടെയും ചുറുചുറുക്കിന്റെയും
കാര്യത്തില്‍ സവ൪ണാവ൪ണ ഭേദം
ഇവിടെ കാണാ൯ കഴിഞ്ഞിരുന്നില്ല.
മനുഷ്യനി൪മ്മിതമായ
ജാതി മത-സാമ്പത്തിക
അതി൪വരമ്പുകള്‍ ശ്രീകൃഷ്ണ
വിദ്യാലയത്തെ സംബന്ധിച്ച്
നിര൪ത്ഥകമായിരുന്നു.പഠനത്തോടൊപ്പം
നൂല്‍നൂല്‍പ്പ്,കൊട്ടനി൪മ്മാണം,
കയറുപിരിക്കല്‍,കളിമണ്‍രൂപനി൪മ്മാണംതുടങ്ങിയ കൈത്തൊഴിലുകളിലും
വിദഗ്ധപരിശീലനം നല്‍കിയിരുന്നു.കലാ
കായിക അഭിരുചികളെ പരിപോഷിക്കുന്നതിനുള്ള
ശിക്ഷണവും ഇവിടത്തെ
വിദ്യാ൪ത്ഥികള്‍ക്ക്
ലഭിച്ചിരുന്നു.
വിദ്യാലയത്തിന്റെ
പ്രതാപ ഘട്ടത്തില്‍ സേവന
തത്പരരായ അദ്ധ്യാപക൪ തികച്ചും
സൗജന്യമായി ക്ലാസ്സുകള്‍
കൈകാര്യം ചെയ്തിരുന്നു.
പിന്നീട് വന്ന
അദ്ധ്യാപക൪ സാമ്പത്തിക
കാര്യങ്ങളിലും താല്പര്യം
പ്രകടിപ്പിച്ചതോടുകൂടി
വിദ്യാലയത്തിന്റെ മേല്‍നോട്ടം
ആനന്ദാശ്രമത്തിന്റെ കീഴില്‍
തുട൪ന്നു കൊണ്ടു പോകുന്നതില്‍
സ്വാമി രാംദാസിന് താത്പര്യം
കുറഞ്ഞു.അതിനാല്‍
തദ്ദേശിയരായ ഹരിജനങ്ങളുടെയും
ദരിദ്രരുടെയും ക്ഷേമത്തിനു
വേണ്ടി നിലവിലുള്ള ഭൗതിക
സാഹചര്യങ്ങള്‍ തികച്ചും
സൗജന്യമായി ഉപയോഗിച്ചു കൊണ്ട്
1953 ജുണ്‍ മാസം
മുതല്‍ വിദ്യാലയം ഏറ്റെടുത്ത്
നടത്താ൯ ദക്ഷിണ കനറാ
ഹരിജനക്ഷേമവകുപ്പിനോട്
ആനന്ദാശ്രമം അഭ്യ൪ത്ഥിച്ചു.
എന്നാല്‍ ഇതിന്
അനുകൂലമായ പ്രതികരണം
ലഭിക്കാതിരുന്നത്കൊണ്ട്
ആശ്രമഭക്തരുടെ കൂട്ടായ്മയോടെ
അനന്ദാശ്രമം തന്നെ ശ്രീകൃഷ്ണവിദ്യാലയം
നടത്തിവന്നു.
സ്വാതന്ത്ര്യലബ്നിക്കുശേഷം
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍
നിലവില്‍ വന്നതോടെ ഈ വിദ്യാലയം
കേരളസംസ്ഥാനത്തിന്റെ ഭാഗമായി
തീ൪ന്നു. വിദ്യാഭ്യാസം
സാ൪വ്വത്രികമായതോടുകൂടി ഈ
വിദ്യാലയത്തിന്റെ നടത്തിപ്പ്
നിലവിലുള്ള മുഴുവ൯ ഭൗതിക
സാഹചര്യങ്ങളോടും കൂടി തികച്ചും
സൗജന്യമായി 1957 ല്‍
സ്വാമി രാംദാസ് കേരള സ൪ക്കാരിന്
കൈമാറി. അതിനുശേഷം
അഞ്ചാം ക്ളാസ്സ് വരെയുള്ള
ഒരു ലോവ൪ പ്രൈമറിയായി "ഗവണ്‍മെന്റ്
ഹരിജ൯ വെല്‍ഫെയ൪ എല്‍.പി.സ്കൂള്‍"
എന്ന പേരില്‍
'ശ്രീകൃഷ്ണ
വിദ്യാലയം' പരിവ൪ത്തനം
ചെയ്യപ്പെട്ടു. കാലഘട്ടത്തിന്റെ
അനിവാര്യതമൂലം 1984 ല്‍
അപ്പ൪ പ്രൈമറിയായും 1990 ല്‍
ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.പ്രഥമ
എസ്.എസ്.എല്‍.സി.ബാച്ച്
നൂറുമേനി വിജയത്തോടെ 1992
ല്‍ പുറത്തിറങ്ങി.ഇതേ
തുട൪ന്ന് പൂജനീയ സ്വാമിജിയുടെ
സ്മരണാ൪ത്ഥം വിദ്യാലയം "സ്വാമി
രാംദാസ് മെമ്മോറിയല്‍ ഗവഃ
ഹരിജ൯ വെല്‍ഫെയ൪ ഹൈസ്കൂള്‍"
എന്ന് പുന൪ നാമകരണം
ചെയ്തു.
രാമനഗരത്തിന്റെയും
സമീപപ്രദേശങ്ങളുടെയും
സാംസ്കാരിക സ്രോതസ്സായി
നിലകൊള്ളുന്ന ഈ സ൪ക്കാ൪
വിദ്യാലയത്തിന്റെ ഉന്നമനത്തിനായുംദരിദ്രവിഭാഗത്തില്‍പ്പെട്ടവിദ്യാ൪ത്ഥികളുടെക്ഷേമത്തിനായും ഇന്നും
ആനന്ദാശ്രമം സഹായ സഹകരണങ്ങള്‍
നല്‍കി വരുന്നു.2008,200 എന്നീ
വ൪ഷങ്ങളില്‍ എസ്.എസ്.എല്‍.സി.വിജയം
നൂറുമേനി ആവ൪ത്തിച്ചിരുന്നു.2009
ല്‍ വിദ്യാലയത്തിന്റെ
പേരില്‍ നിന്നും 'ഹരിജ൯
വെല്‍ഫെയ൪' എന്ന
ഭാഗം ഒഴിവാക്കിക്കൊണ്ട്
'സ്വാമി രാംദാസ്
മെമ്മോറിയല്‍ ഗവഃ ഹൈസ്കൂള്‍'
എന്നാക്കി സ൪ക്കാ൪
വിജ്ഞാപനം പുറപ്പെടുവിച്ചു.
ശ്രീകൃഷ്ണ വിദ്യാലയം
സ൪ക്കാരിന് കൈമാറുന്ന വേളയില്‍
സ്വാമിജി നിഷ്ക൪ഷിച്ചത് ഈ
വിദ്യാലയം സദ്മൂല്യങ്ങളുടെ
പ്രകാശന വേദിയാകണമെന്ന്
മാത്രമാണ്.സ്വദേശത്തും
വിദേശത്തും വിവിധമേഖലകളില്‍
പ്രവ൪ത്തിക്കുന്ന നിരവധി
വ്യക്തികള്‍ ഈ വിദ്യാലയത്തില്‍
നിന്നും ശിക്ഷണം ലഭിച്ചവരായിട്ടുണ്ട്.
അവരൊക്കെതന്നെയും
സ്വാമി ഉയ൪ത്തിപ്പിടിച്ച
ആദ൪ശം ജീവിതത്തില്‍
പ്രാവ൪ത്തികമാക്കാ൯ ശ്രമിച്ചവരാണ്
.അത് ഇന്നും ഭംഗം
കൂടാതെ തുടരുന്നു.